കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ സാമ്ബത്തിക വര്‍ഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉള്‍പ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്.
ഇന്ധന, പാചകവാതക വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. വാഹന, ഭൂമി രജിസ്ട്രേഷന്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന. ഇതോടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും ഉയരും.
സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു.വാഹന രജിസ്ട്രേഷന്‍ , ഫിറ്റ്നസ് നിരക്കുകളും കൂടി. രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്.
എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.