മഹാരാഷ്‌ട്രയില്‍ സ്‌കൂള്‍ ബസ് കാണാതായത് ആശങ്കയ്‌ക്ക് ഇടയാക്കി. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളടങ്ങുന്ന ബസ് കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഉച്ചയ്‌ക്ക് 12.30ന് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെട്ട ബസ് സമയപരിധി കഴിഞ്ഞും എത്താതായതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. ഡ്രൈവറുടെ മൊബൈല്‍ സ്വിച്ച് ഓഫായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.
തുടര്‍ന്ന് മുംബൈ സാന്താക്രൂസ് ഏരിയയിലെ പോഡാര്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. നാല് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. പുതിയ ബസ് ഡ്രൈവര്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് റൂട്ടുകള്‍ വ്യക്തമല്ലായിരുന്നു. ഇതോടെ വഴിതെറ്റിപ്പോകുകയും ചെയ്തു. അതിനാലാണ് കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയതെന്ന് കണ്ടെത്തി. വിഷയം വ്യാപകമായി പ്രചരിച്ചതോടെ മുംബൈ പോലീസും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
മുപ്പതോളം കുട്ടികളടങ്ങുന്ന സ്‌കൂള്‍ ബസായിരുന്നു കാണാതായത്. വൈകിയാണ് എത്തിയതെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളും സുരക്ഷിതരായിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സ്‌കൂളിലെ ഗതാഗത സേവനങ്ങള്‍ മികച്ചതാണെന്ന് ഉറപ്പുവരുത്തുമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.