സാമ്ബത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്‌പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവര്‍ധന പറഞ്ഞു.
മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.
സാമ്ബത്തിക പ്രതിസന്ധിയാല്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിറക്കിയിരുന്നു. ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.
അതേസമയം രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്‌തെങ്കിലും രാജിവയ്ക്കില്ലെന്ന തീരുമാനത്തിലാണ് പ്രസിഡന്റ് ഗോതബയ രജപക്സെ. എന്തുവന്നാലും രാജിവയ്ക്കില്ല, പ്രശ്‌നം സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.