കൊട്ടാരക്കര ചെപ്രയില്‍ ആട് ഇടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി.
‘എന്നെ ഇടിച്ചിട്ടത് ആടല്ല’ എന്ന് മരണത്തിനു തൊട്ടു മുന്‍പ് യുവതി മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യ ആശ മരിച്ചത്. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്.
യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
പോസ്്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
പോലീസ് പറയുന്നത് ഇങ്ങനെ:
ദിവസവും മദ്യപിച്ചെത്തി അരുണ്‍ വഴക്കുണ്ടാക്കാറുണ്ട്. ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു.
നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.
ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്നായിരുന്നു ഭര്‍ത്താവായ അരുണിന്റെ മൊഴി. ആദ്യമൊന്നും ആശയും ഇത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ മരണത്തിനു തൊട്ടു മുന്‍പ് ആശ തന്നെ ആട് ഇടിച്ചതല്ല എന്ന് വെളിപ്പെടുത്തി.
തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റസമ്മതം നടത്തി. രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പോലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമാകുകയായിരുന്നു.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.