ബാഴ്സലോണയും റയല്‍ മാഡ്രിഡും ഉള്‍പ്പടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബ്ബുകള്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് വിടുന്നു. പ്രസ്തതുത ടീമുകള്‍ ഒരുമിച്ച് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചതായും കരാര്‍ ഒപ്പിട്ടതായും അറിയിച്ചു.
യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിക്കും ഇതിനെക്കുറിച്ച് അറിവുള്ളതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യൂറോപ്യന്‍ ക്ലബ്ബുകളുടെ അസോസിയേഷനും, മത്സരക്കമ്മിറ്റിയും
ചേര്‍ന്ന് 2024 മുതല്‍ ചാമ്ബ്യന്‍സ് ലീഗില്‍ നാല് ടീമുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ രീതിയിലാക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനം എടുത്തിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ
യുവന്റസിന്റെ ചെയര്‍മാന്‍ ആന്‍ഡ്രെ ആഗ്നെല്ലിയാണ് അസോസിയേഷന്റെ തലവന്‍. പക്ഷെ യുവന്റസും സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്. എസി മിലാന്‍, യുവന്റസ്, ബാഴ്സലോണ, റയല്‍
മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം, ആഴ്സണല്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളാണ് സൂപ്പര്‍ ലീഗിലെ കരുത്തന്മാര്‍.
എന്നാല്‍ ഫ്രഞ്ച് ചാമ്ബ്യന്മാരായ പിഎസ്ജി ലീഗിന്റെ ഭാഗമായിട്ടില്ല. സൂപ്പര്‍ ലീഗിന്റെ വാര്‍ത്ത വലിയ പൊട്ടിത്തെറിയാണ് ഫുട്ബോള്‍ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍
ലീഗിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നും സൂപ്പര്‍ ലീഗില്‍ നിന്ന് മാറിനില്‍ക്കണമെന്നും പ്രീമിയര്‍ ലീഗ് ക്ലബ്ബുകളോട് അവരുടെ ഭരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
20 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 15 പ്രമുഖ ക്ലബ്ബുകള്‍ സ്ഥിരമായി തുടരും. ബാക്കിയുള്ള അഞ്ച് ടീമുകള്‍ വര്‍ഷാവര്‍ഷം മാറും. ഈ അഞ്ച് ക്ലബ്ബുകളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമല്ല.
പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായിട്ടാണ് ടൂര്‍ണമെന്റ് നടക്കുക. ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. ഒരു ടീമിന് കുറഞ്ഞത് പത്ത് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫൈനലൊഴികെയുള്ള മത്സരക്രമങ്ങള്‍ ചാമ്ബ്യന്‍സ് ലീഗ് നടക്കുന്ന മാതൃകയില്‍ തന്നെയാണ്. ആഭ്യന്തര ലീഗുകളിലെ മത്സരം നഷ്ടമാകാത്ത രീതിയില്‍.
4.8 ബില്യണ്‍ യുഎസ് ഡോളറാണ് വാര്‍ഷിക വരുമാനമായി ലീഗില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.