ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരുവനന്തപുരം വിമാനത്താവളം 10 മണി മുതല്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം.
സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കും. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനുളള നിയന്ത്രണവും തുടരും. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും
മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നാളെ പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകമാണ്. മാറ്റിപാര്‍പ്പിച്ചവര്‍ അതാത് ഇടങ്ങളില്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.
അതിതീവ്ര ന്യൂനമര്‍ദ്ദം ന്യൂനമര്‍ദ്ദമായി മാറുകയും കേരളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ യെല്ലോ അലര്‍ട്ടായി മാറുകയും ചെയ്‌ത സാഹചര്യത്തിലും മഴ പെയ്യാനുളള സാദ്ധ്യതയാണുളളത്.
മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുന്‍കൂട്ടി പ്രവചിക്കുക സാദ്ധ്യമല്ല. മഴ കുറച്ചുദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതല്‍ പെയ്യുമോ അതിന്റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുളള കാര്യങ്ങള്‍ വിലയിരുത്തിയാകും മുന്നോട്ടുളള നടപടികള്‍.
ബുറേവി ഇന്ത്യന്‍ തീരം ഇതുവരെ തൊട്ടിട്ടില്ല. ഇപ്പോഴും മന്നാര്‍ കടലിടുക്കില്‍ തന്നെ തുടരുകയാണ്.
കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും.