വാട്‌സ്‌ആപ്പിന്റെ പുതിയ സേവന നിബന്ധനകളില്‍ വാട്‌സ്‌ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു കോടതി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് വാട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം പുതുക്കിയ വാട്‌സ്‌ആപ്പിന്റെ സേവന നിബന്ധനകള്‍ ഉപയോക്താക്കള്‍ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
‘നിങ്ങളൊരു ട്രില്യണ്‍ ഡോളര്‍ കമ്ബനിയാകാം. പക്ഷെ, ജനങ്ങള്‍ അവരുടെ സ്വകാര്യതക്ക് വില കല്‍പ്പിക്കുന്നു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.’ സുപ്രീംകോടതി പറഞ്ഞു.
തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ദെ പറഞ്ഞു. തങ്ങള്‍ ആര്‍ക്കെങ്കിലും സന്ദേശം അയച്ചാല്‍ എല്ലാം ഫേസ്ബുക്കിന് കൈമാറുമെന്ന് ജനങ്ങള്‍ ഭയക്കുന്നു.
എന്നാല്‍ ഇത്തരം ഭയങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന് ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും വേണ്ടി ഹാജരായ കപില്‍ സിബല്‍, അരവിന്ദ് ദാടര്‍ എന്നിവര്‍ കോടതിയില്‍ പറഞ്ഞു.