ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ പൗരൻമാരെ ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നും സർക്കാർ നിർദ്ദേശിച്ചു.
അഫ്ഗാനിസ്ഥാനിൽ സജീവമായി ഇടപെടുന്നു എന്ന് പാക് ചാര സംഘടനയായ ഐസ്ഐ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു.
നേരത്തെ നല്കിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്ക് യുഎൻ ഓഫീസിനു മുന്നിൽ സമരത്തിലാണ്.
ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞേ പാടുള്ളു എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.