Breaking News

നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി മൊഴി

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്മയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. കൂവപ്പള്ളി സ്വദേശിന് സൂസനെയാണ് (24) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇതോടെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് റിജോ-സൂസൻ ദമ്പതിമാരുടെ മകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം.

അമ്മ തന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്.  തുടർന്ന് വാർഡ് മെമ്പർക്കൊപ്പം വീട്ടിലെത്തി പിതാവ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു എന്ന് മനസ്സിലാകുകയായിരുന്നു.

കൊലപാതക സമയത്ത് അമ്മക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാണ് പൊലീസ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

അമ്മയ്ക്ക് ബോധം ഉള്ളതുകൊണ്ടാണ് പിതാവിനെ വിളിച്ച് വിവരമറിയിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിർണായക പരിശോധനാ വിവരങ്ങളും ഇക്കാര്യത്തിൽ നിർണായകമായി.

കുട്ടിയെ അമ്മ നോക്കിയിരുന്നില്ല എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കുഞ്ഞ് രാത്രി ഉറങ്ങിയിരുന്നത് ഭർത്താവിന്റെ അച്ഛന്റെ ഒപ്പം ആണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

കുഞ്ഞ് കരയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂസന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിൽ സൂസൻ ഏറെ അസ്വസ്ഥയായിരുന്നു. കുഞ്ഞിന് കൃത്യമായ സമയം ഭക്ഷണം നൽകുന്നതിന് സൂസൻ തയ്യാറായിരുന്നില്ല എന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

പോസ്റ്റ്മോർട്ടം പരിശോധനയിൽ കുഞ്ഞിന്റെ വയറ്റിൽ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമായി. കുഞ്ഞ് ഭക്ഷണത്തിനു വേണ്ടി കരഞ്ഞപ്പോൾ ആകാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വിലയിരുത്തുന്നു.

ചില സമയങ്ങളിൽ മാനസികരോഗത്തിന് മരുന്നു കഴിച്ചിരുന്നു എങ്കിലും സ്ഥിരമായും ഇവർക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ബോധപൂർവം

നടത്തിയ കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തിയത്. ഈ സാഹചര്യം പരിഗണിച്ചാണ് അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് എടുത്തത്.

സംഭവത്തിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസ് തെളിയിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഇക്കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി അടക്കം നിർണായകമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …