ഇന്ത്യൻ പരിശീലക സ്ഥാനം വിട്ടൊഴിഞ്ഞ രവിശാസ്ത്രിക്കെതിരെ വിമർശന വുമായി മുൻതാരം ഗൗതം ഗംഭീർ. രവിശാസ്ത്രി നടത്തിയ പോലെ അനവസരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും രാഹുൽ ദ്രാവിഡ് നടത്തില്ലെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ഒരു ഐ.സി.സി കിരീടം പോലും ടീമിന് സ്വന്തമാക്കാൻ സാധിക്കാതെ പടിയിറങ്ങിയ പരിശീലകൻ വലിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നാണ് ഗംഭീർ പറഞ്ഞത്.
രവിശാസ്ത്രിയുടെ കീഴിൽ ടീം ജയിക്കാമായിരുന്ന രണ്ടു സുപ്രധാന ടൂർണ്ണമെന്റുകളിൽ പുറത്തായതിന് കാരണമെന്തെന്ന് ആദ്യം എല്ലാവരും പരിശോധിക്കണം. വിനയമാണ് പ്രധാനം. ടീമിന്റെ പ്രകടനം ചിലപ്പോൾ നന്നാകും ചിലപ്പോൾ മോശമാകും. പരിശീലകനല്ല പ്രസ്താവന നടത്തേണ്ടത്. ടീമിനെ വിലയിരുത്തേണ്ടത് പുറത്തുനിന്നുള്ളവരാണെന്നും ഗൗതംഗംഭീർ പറഞ്ഞു.
2017ൽ ചാമ്ബ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് പരാജയപ്പെട്ടു. തൊട്ടുപിന്നാലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിൽ വെച്ച് ന്യൂസിലന്റിനോടും തോൽവി ഏറ്റുവാങ്ങി. ഇത് മറക്കാൻ 2019ൽ ഓസ്ട്രേലിയക്കെതിരെ നേടിയ പരമ്ബര വിജയം ഏറ്റവും മികച്ചതെന്ന് സ്വയം പ്രഖ്യാപിക്കുന്നത് തികഞ്ഞ മര്യാദകേടും നിലവാരമില്ലായ്മയുമാണെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. രവിശാസ്ത്രിയിൽ നിന്ന് പരിശീലക സ്ഥാനം
ഏറെ നിർബന്ധിക്കപ്പെട്ട ശേഷം മാത്രം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനെ വാനോളം പുകഴ്ത്തുകയാണ് ഗംഭീർ. 2011ൽ ടീം ഇന്ത്യ ലോകകപ്പ് നേടിയത് വിദേശപരിശീലകന്റെ കീഴിലാണ്. ആരും അന്ന് ടീം ഇന്ത്യയാണ് ഏറ്റവും മികച്ചതെന്ന് പ്രസ്താവന നടത്തിയില്ലെന്നും ഗംഭീർ പറഞ്ഞു. രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യക്ക് വരാനിരിക്കുന്നത് മികച്ച നാളുകളെന്നും ഗംഭീർ പ്രത്യാശ പ്രകടിപ്പിച്ചു.