Breaking News

മോഷണക്കുറ്റം ആരോപിച്ച്‌ കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി…

മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍കൂട്ടം കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി. പാകിസ്താനിലെ ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച്‌ കരഞ്ഞ സ്ത്രീകളെ ചുറ്റും കൂടിനിന്നവര്‍ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒരു മണിക്കൂറോളമാണ് ഇത്തരത്തില്‍ യുവതികളെ നഗ്‌നരായി തെരുവില്‍ നിര്‍ത്തിയതെന്നാണ് പരാതി. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് വക്താവ് ചൊവ്വാഴ്ച ട്വീറ്ററിലൂടെ അറിയിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും കുറ്റവാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫൈസാലാബാദിലെ ബാവ ചക് മാര്‍കെറ്റില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാനെത്തിയതായിരുന്നു ആക്രമണത്തിനിരയായ സ്ത്രീകള്‍. ദാഹിച്ചപ്പോള്‍ ഉസ്മാന്‍ ഇലക്‌ട്രിക് സ്റ്റോറിന്റെ ഉള്ളില്‍ കയറി ഇവര്‍ ഒരു കുപ്പി വെള്ളം ചോദിച്ചു. എന്നാല്‍ ഇവര്‍ കടയില്‍ കയറിയത് മോഷണത്തിനാണെന്ന് ഉടമ സദ്ദാം ആരോപിക്കുകയായിരുന്നു.

തുടര്‍ന്ന് സദ്ദാമും മറ്റുള്ളവരും ചേര്‍ന്ന് സ്ത്രീകളെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് മാര്‍കെറ്റിനുള്ളിലൂടെ വലിച്ചിഴക്കുകയുമായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ വീഡിയോയിലൂടെ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ അവിടെ കൂടിനിന്നവരാരും തന്നെ ഈ ക്രൂരത തടഞ്ഞില്ലെന്നും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു.

സദ്ദാം ഉള്‍പെടെ അഞ്ച് പ്രധാന പ്രതികളെ പിടികൂടിയതായി ഫൈസലാബാദ് പൊലീസ് മേധാവി ഡോ. ആബിദ് ഖാന്‍ പറഞ്ഞു. ഒരു മണിക്കൂറോളം സ്ത്രീകളെ തെരുവിലൂടെ നഗ്‌നരായി നടത്തി എന്നാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …