കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തിൽ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‍തു. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം നിർദേശിക്കുന്നു. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്. നാലു വയസ് വരെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും
തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവൻ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാൻ റൈഡർ കുട്ടിയെ സുരക്ഷാ ഹാർനെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കുട്ടിയെ ഓവർകോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെൽറ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിച്ചിരിക്കണം.