Breaking News

വിവാഹ വേദിയിലെ ആഡംബരത്തിനും ധൂർത്തിനും എതിരെ നായർ സർവീസ് സൊസൈറ്റി

വിവാഹ വേദിയിലെ ആഡംബരത്തിനും ധൂർത്തിനും എതിരെ നായർ സർവീസ് സൊസൈറ്റി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു എൻഎസ്എസ് മുഖപത്രം ആയ സർവീസിലാണ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരുടെ ഇത് സംബന്ധിച്ചുള്ള ലേഖനം വന്നത് ഇത്തരം അനാവശ്യമായ ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണെന്ന് എൻഎസ്എസ് വ്യക്തമാക്കുന്നു.

എൻഎസ്എസ് മുഖപത്രമായ സർവീസിൽ അച്ചടിച്ചു വന്ന ലേഖനത്തിന്റെ പൂർണ്ണരൂപം ഇതാണ് സമുദായ അംഗങ്ങൾക്കിടയിലെ വിവാഹ ധൂർത്ത് ഒഴിവാക്കുന്നത് സംബന്ധിച്ച് സർവീസിലെ മുഖപ്രസംഗത്തിലൂടെ യും ലേഖനങ്ങളിലൂടെയും മന്നം ജയതി സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങളിലൂടെയും ഇതിനുമുമ്പ് പല അവസരങ്ങളിലും എൻഎസ്എസ് ആഹ്വാനം ചെയ്തിരുന്നു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടിയും വിവാഹം ഉത്സവം ഗൃഹപ്രവേശനം മരണാനന്തര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങളിൽ ധൂർത്ത് തുടരുന്നതായി തന്നെ പറയേണ്ടിയിരിക്കുന്നു.

അന്ധവിശ്വാസവും അനാചാരവും ആഡംബര ഭ്രമവും അടിയന്തര ബഹുലതയും കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട്, പ്രഭാവമുള്ള മിക്ക നായർ തറവാടുകളും നാഥനും നമ്പിയും ഇല്ലാതെ അധ:പതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്നതു കണ്ട ശ്രീ മന്നത്ത് പത്മനാഭൻ ഈ അവസ്ഥയിൽ നിന്നും സമുദായത്തെ സമുദ്ധരിക്കാൻ ജീവിതകാലം മുഴുവൻ അനുഷ്ഠിച്ച ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ സേവനം എന്നും നാം ഓർക്കേണ്ടതുണ്ട്.

മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ കുടുംബവും സ്വയം പര്യാപ്തമാകണമെങ്കിൽ അവർ ഏതു ധൂർത്തിനോടും വിടപറയേണ്ടത് അനിവാര്യമാണ്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഡംബര ഭ്രമത്തിലും അടിയന്തര ബഹുലതയിലും അകപ്പെട്ടു തകർന്നടിഞ്ഞു കൊണ്ടിരുന്ന സമൂഹത്തെ നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ സംഘടനയ്ക്ക് രൂപം നൽകി.

അതിലൂടെ കർമ്മനിരതമാക്കാൻ കഴിഞ്ഞെങ്കിലും സമുദായം ഇന്ന് നേരിടുന്നതും പരിഹരിക്കപ്പെടേണ്ടതുമായ വെല്ലുവിളികളിൽ മാരകമായിട്ടുള്ളത് മംഗല്യ ധൂർത്താണ്. നിരവധി കുടുംബങ്ങൾ കടക്കണിയിൽ വീഴാനും സാമ്പത്തിക തകർച്ചയ്ക്ക് ഇടയാകാനും ഇത്തരം ധൂർത്തുകൾ കാരണമാകുന്നു. ദുരഭിമാനമാണ് ഇതിനെല്ലാം കാരണം. പെൺമക്കളെ ഒരു കുറവും കൂടാതെ വിവാഹം നടത്തി അയക്കണമെന്ന് ആഗ്രഹം എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകാം, എന്നാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞു അതു നിർവഹിക്കാനുള്ള ഇച്ഛാശക്തി മാതാവിനും പിതാവിനും ഒരുപോലെ ഉണ്ടാകേണ്ടതാണ്.

വിവാഹനിശ്ചയം മുതൽ അത് ശ്രദ്ധിക്കേണ്ടതാണ് .വിവാഹ വേദിയിൽ വധുവിനെ അണിയിച്ചൊരുക്കുന്ന സ്വർണാഭരണങ്ങളുടെയും വേഷവിധാനങ്ങളുടെയും കാര്യത്തിലാണ് സാമ്പത്തിക നില മറന്നുള്ള മത്സരം നടന്നുവരുന്നത്. വിവാഹസദ്യയുടെ കാര്യം പിന്നെ ചോദിക്കാനും ഇല്ല. ഇക്കാര്യത്തിൽ മറ്റുള്ളവരോടൊപ്പം എത്താൻ കടമായും സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും തൽക്കാലം കാര്യം കാണുന്നവർ കടംകയറിയും കിടപ്പാടം നഷ്ടപ്പെട്ടു ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന എത്രയോ സംഭവങ്ങളാണ് കണ്ടുവരുന്നത്.

ക്ഷണക്കത്തുകൾ മുതൽ തുടങ്ങുന്നു അധിക ചെലവുകൾ. വിവാഹനിശ്ചയങ്ങൾ പോലും വിവാഹം പോലെ ആർഭാടം ആകുന്ന പതിവ്, വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിൻറെ തലേന്നാൾ വധുവിന്റെ വീട്ടിലെ വിരുന്ന് സൽകാരം ,വിവാഹാനന്തരം വരൻ്റെ വീട്ടിലെ സായാഹ്ന വിരുന്ന് ഇങ്ങനെ പോകുന്നു അനാവശ്യ ചടങ്ങുകൾ. അനുകരണ ഭ്രമത്താലും ദുരഭിമാനഭീതിയാലും സാധാരണക്കാർ പലപ്പോഴും ഇത്തരം ചടങ്ങുകൾക്ക് നിർബന്ധിതരാകുന്നു എന്നതാണ് വസ്തുത.

അതോടെ അത്തരം കുടുംബങ്ങൾ നാശത്തിലേക്ക് എത്തിച്ചേരുന്നു. ഇത്തരം അനാവശ്യമായ ആർഭാടങ്ങൾ ഒവഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹനന്മയ്ക്ക് അത്യാവശ്യമാണ്. വിവാഹ നിശ്ചയിച്ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു നടത്താനും അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുക .വിവാഹത്തിന് ആണെങ്കിലും ക്ഷണം ആവശ്യനുസരണം പരിമിതപ്പെടുത്തുക.

വിവാഹ വേദി ആഡംബര രഹിതമാക്കുക. വിവാഹസമയം വധുവിൻ്റെ കുടുംബത്തിൻ്റെകഴിവിന് അനുസൃതമായി സ്വർണാഭരണങ്ങൾ അണിയിക്കുക, വേഷവിധാനങ്ങൾ ക്രമപ്പെടുത്തുക ,കഴിവതും വിവാഹാനന്തരം പാരമ്പര്യ വിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യ ചടങ്ങുകൾ നിർബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകളാണ് വിവാഹ ധൂർത്ത്ഒഴിവാക്കാൻ സ്വീകരിക്കേണ്ടത്. സമൂഹത്തിൽ കൂടുതൽ സമ്പത്തുള്ളവരാണ് ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടത്, അവരുടെ സ്വാർത്ഥതയും മത്സരവും ആണ് സാധാരണക്കാരെ ഇത്തരം ധൂർത്തിലേക്ക് പ്രേരിപ്പിക്കുന്നത്.

അവരെ ഓർത്തെങ്കിലും കഴിവതും ആർഭാടവും അനാവശ്യ ചടങ്ങുകളും ഒഴിവാക്കി സമ്പത്തുള്ളവർ ഇക്കാര്യത്തിൽ മിതവ്യയം പാലിച്ചു സമൂഹത്തിന് മാതൃകയാവുന്നത് നന്നായിരിക്കും. അധിക സ്വർണാഭരണങ്ങൾ ഉണ്ടെങ്കിൽ ആവശ്യത്തിനുമാത്രം വിവാഹ വേദിയിൽ പ്രദർശിപ്പിക്കുകയും ബാക്കിയുള്ളത് സ്വത്തായിനൽകുകയും ചെയ്താൽ വിവാഹ കാര്യത്തിൽ സമൂഹത്തിലെ സാധാരണക്കാർ നേരിടുന്ന വെല്ലുവിളിക്ക് ഒരു അളവു വരെ പരിഹാരം ആകുമായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഇത് മാതൃക ആയേനെ.

NSS ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരുടെ ലേഖനം ഇതാണെന്നിരിക്കെ ഇദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങളെല്ലാം ഓരോ അംഗവും നടപ്പിലാക്കാൻ ശ്രമിച്ചാൽ അതൊരു വലിയ മാറ്റം സമൂഹത്തിൽ സൃഷ്ടിക്കും എന്നുള്ളതിൽ സംശയമില്ല. കാരണം സാമൂഹിക രംഗത്തും സാംസ്കാരികരംഗത്തും വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ആചാര്യൻമാരുടെ പിൻതലമുറക്കാരാണ് ഇന്നത്തെ സമുദായ അംഗങ്ങൾ എന്ന് മനസ്സിലാക്കണം.

സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഓരോ പ്രവൃത്തിയും നിർദ്ദേശങ്ങളും പാലിക്കാനും നടപ്പിലാക്കാനുമുള്ളതാണെന്നും അതൊന്നും അവഗണിക്കാനുളളതല്ല എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉള്ളവൻ ഉള്ളതുപോലെ നടത്തട്ടെ ഇല്ലാത്തവൻ അതു പോലെ നടത്തട്ടെ എന്ന മനോഭാവത്തിന് മാറ്റമുണ്ടാകണം. ഇവിടെ ആരു പറഞ്ഞാൽ ആര് അനുസരിക്കും? വിവാഹ ധൂർത്ത് മുഖ്യവിഷയമാക്കിയാൽ ഒരു കാലത്ത് ഇതൊക്കെ എങ്ങനെ? എവിടെ? വച്ചായിരുന്നു എന്നു ഓർക്കണം. ഇന്ന് കാലം മാറി.

വീട്ടുമുറ്റത്തും ക്ഷേത്രാങ്കണത്തും തുച്ഛമായ ചെലവിൽനടത്തിയിരുന്ന വിവാഹം ഇന്ന് ആഡിറ്റോറിയങ്ങളിലേക്കും വൻകിട കൺവൻഷൻ സെൻററുകളിലേക്കും മാറ്റപ്പെട്ടു.ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും രംഗങ്ങളായി മാറിയിരിക്കുന്നു. വധുവിൻ്റെ വീട്ടിലെ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് വേദിയായിരിക്കുന്നു. അന്യദേശ സംസ്കാരവും പരിപാടികളുംകൊണ്ട് മലീമസമായിരിക്കുന്ന ഒരു മംഗളകർമ്മമായി നമ്മുടെ വിവാഹവേദി.

വിവാഹത്തലേന്ന് വധുവിൻ്റെ വീട്ടിലെ വിഭവസമൃദ്ധമായ സൽക്കാരം, അടുത്ത ദിവസം വിവാഹ ദിവസത്തെ വള്ളസദ്യ പോലുള്ള മൃഷ്ടാന്നഭോജനം അന്നു വൈകിട്ടു തന്നെ വധുവിൻ്റെ വീട്ടിൽ നിന്നും കുറഞ്ഞത് മൂന്ന് ടൂറിസ്റ്റ് ബസ്സും അകമ്പടിയായി ധാരാളം ചെറുവാഹനങ്ങളിലുമായി വരൻ്റെ വീട്ടിലേക്കുള്ള യാത്ര….. ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ആർഭാടങ്ങളുടെയും അഹംകാരത്തിൻ്റെയും ഗർഭഗൃഹമായിരിക്കുന്നു നമ്മുടെ ഇത്തരത്തിലുള്ള ആഘോഷങ്ങളെല്ലാം ഇതു മാറണം. മാറിയേ പറ്റൂ.

ആഘോഷങ്ങളെല്ലാം മിതവ്യയത്തോടെ നടപ്പിലാക്കാൻ ശ്രമിക്കണം. ദുരഭിമാനം കളഞ്ഞ് ആർഭാടരഹിതമായി ആഘോഷിക്കാൻ ശീലിക്കണം. ഏതു നിയമസംഹിതങ്ങളുണ്ടെങ്കിലും എത്ര നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചാലും അതു പാലിക്കാനും നടപ്പിലാക്കാനും അവരവർ തന്നെ ശ്രമിക്കണം. നൂറു പേരിൽ പത്തു പേർ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതൊരു മാറ്റത്തിൻ്റെ വിപ്ലവം തന്നെയായിരിക്കും എന്നുള്ളതിൽ സംശയമില്ല. ഇതൊരു സമുദായ വിപ്ലവം മാത്രമായിരിക്കില്ല പകരം ആർഭാടത്തിനും ധൂർത്തിനുമെതിരെയുമള്ള സാമൂഹ്യവിപ്ലവത്തിന് തുടക്കം ആയിരിക്കും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …