ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി പുതിയൊരു റെക്കോര്‍ഡും
സ്വന്തം പേരിലാക്കി ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍
ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പിന്നിലാക്കിയത്. ദോഹയിലെ ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ നായകന്റെ ആകെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി വര്‍ധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസിക്ക്
ഇതുവരെ നേടാന്‍ കഴിഞ്ഞത്. ഇതോടെ നിലവില്‍ ഫുട്ബോള്‍ താരങ്ങളില്‍ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരനായി ഛേത്രി മാറി. 73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും
ഛേത്രി ഇന്നലെ മറികടന്നു. നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 അന്താരാഷ്ട്ര ഗോളുകളാണ്
റൊണാള്‍ഡോയുടെ സമ്ബാദ്യം. 2006ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇറാന്‍ താരം അലി ദേയ് ആണ് 109 ഗോളുകളോടെ പട്ടികയില്‍ ഒന്നാമത്. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍
അന്താരാഷ്ട്ര ഗോള്‍ നേടിയ 10 താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിയെ മറികടന്ന് ഛേത്രി ഇടംനേടിക്കഴിഞ്ഞു. പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഛേത്രി. ആദ്യ പത്തില്‍ 75 ഗോളുമായി കുവൈത്തിന്റെ
ബഷര്‍ അബ്ദുള്ളയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. മെസിക്ക് 12-ാം സ്ഥാനമാണുള്ളത്. മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയെ മറികടക്കാം.