രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,069 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 42ാം ദിവസവും
പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളേക്കാള്‍ കൂടുതലാണ്. 68,885 പേരുടെ രോഗം 24 മണിക്കൂറിനിടെ ഭേദമായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ
എണ്ണം 6,27,057 ആയി കുറഞ്ഞു. കഴിഞ്ഞദിവസം 16,137 പേരെയാണ് ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,90,63,740 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.61% ആയി
വര്‍ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 3.04 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91 ശതമാനമാണ്. തുടര്‍ച്ചയായ 17ാം ദിവസവും അഞ്ചുശതമാനത്തില്‍ താഴെയാണിത്.