കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ
കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചത്.
രോഗം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ വിജയിക്കുകയും
ചെയ്തു. അതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതല്‍ ഉള്ളതെന്ന വസ്തുത യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.