അപൂര്‍വ രത്നങ്ങളും സ്വര്‍ണങ്ങളും വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ശ്രീകണ്ഠപുരം സ്വദേശിയില്‍നിന്ന് 42,50,000 രൂപ തട്ടിയെടുത്തു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. കൈതപ്രത്തെ പുറത്തേട്ട് ഹൗസില്‍ ഡെന്നീസ് ജോസഫിന്റെ പരാതിയില്‍ കോട്ടയം മീനച്ചിലിൽ സ്വദേശി ജെറിന് വി. ജോസ് (45), ആന്ധ്രാപ്രദേശ് അനന്തപുരിലെ നായിഡു (40), കോട്ടയം തിരുവഞ്ചൂരിലെ സി.എസ്. ശ്രീനാഥ് (35), കോട്ടയത്തെ ജിജിന് (45) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ശ്രീകണ്ഠപുരത്തെ മുഹമ്മദലി എന്നയാളുടെ 450 ഗ്രാം തൂക്കം വരുന്ന രത്നങ്ങളും മറ്റ് സ്വര്‍ണങ്ങളും ഉള്‍പ്പെടെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സംഘം ഡെന്നീസ് ജോസഫിനെ സമീപിച്ചത്. തുടര്‍ന്ന് ആഭരണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധനെ കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞു. യു.കെയില്‍നിന്ന് വരുന്നവരാണെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് 2019 ഒക്ടോബര്‍ 31ന് അരലക്ഷം രൂപ ഡെന്നീസ് ജോസഫില്‍ നിന്ന് കൈക്കലാക്കി.
പിന്നീട് ജെറിന് വി. ജോസും ജിജിനും ചേര്‍ന്ന് പലതവണ ഗൂഗ്ള്‍ പേ വഴി ലക്ഷങ്ങള്‍ കൈക്കലാക്കി. അവസാനം കണ്ണൂര്‍ സിറ്റി സെന്ററിന് സമീപമുള്ള ഹോട്ടലില്‍വെച്ച് ശ്രീനാഥ് 12 ലക്ഷം രൂപയും കൈക്കലാക്കിയത്രെ. പിന്നീട് രത്നങ്ങളും സ്വര്‍ണവും നല്‍കാതെ സംഘം മുങ്ങി. ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത സ്ഥിതിയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്.ഐ എ.വി. ചന്ദ്രെന്റ നേതൃത്വത്തില്‍ അന്വേഷണം ഉൗര്‍ജിതമാക്കി.