Breaking News

അധ്യാപകന്റെ ബലാത്‌സംഗത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 48 യുട്യൂബര്‍മാര്‍ കുടുങ്ങി

കോയമ്ബത്തൂരില്‍ അധ്യാപകന്‍ നിരന്തരം ബലാത്‌സംഗത്തിന് ഇരയാക്കിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ 48 യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയമ്ബത്തൂര്‍ ആര്‍.എസ് പുരം പൊലീസാണു പോക്സോ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരും കേസുകളില്‍ പ്രതികളായിട്ടുണ്ട്.

സ്പെഷ്യല്‍ ക്ലാസിനെന്ന വ്യാജേന വിളിച്ചു വരുത്തി അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ദിവസങ്ങള്‍ക്കു മുന്‍പാണ് ജീവനൊടുക്കിയത്. നീതി തേടി പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹപാഠികളും മൃതദേഹം ഏറ്റെടുക്കാതെ സമരം ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനും പരാതി ഒതുക്കി തീര്‍ത്ത പ്രിന്‍സിപ്പലും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് പ്രചാരണവും ശക്തമായിരുന്നു.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുട്യൂബര്‍മാര്‍ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണു കേസ്. നേരത്തെ വീഡിയോകളും ഫോട്ടോകളും നീക്കം ചെയ്യാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തവരാണു കേസില്‍പെട്ടത്. അതേ സമയം സംഭവത്തില്‍ സ്വമേധയാ കേസെടുത്ത തമിഴ്നാട് ബാലാവകാശ കമ്മീഷന്‍ മാതാപിതാക്കള്‍,സഹപാഠികള്‍, അധ്യാപകര്‍ ,അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നോട്ടീസ് അയച്ചു. വ്യാഴാഴ്ച കലക്‌ട്രേറ്റില്‍ നടക്കുന്ന തെളിവെടുപ്പിന് എത്താനാണ് നിര്‍ദേശം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …