കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയത് ന്യൂജെൻ ബൈക്കുകളിൽ പാഞ്ഞ് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനം. നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിലായി നൂറു കിലോമീറ്ററിലേറെ സ്പീഡിലാണ് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തിയത്. അമിത വേഗത്തിൽ പായുന്നതിനിടെ സെൽഫി എടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.
എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. നാലു ന്യൂജെൻ ബൈക്കുകളിലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവർ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രൈമിൽ കിട്ടുന്നതിനായി ഏറ്റവും മുമ്ബിലായി പോയ ബൈക്കിലെ ആൾ, അമിതവേഗതയിൽ പോയിക്കൊണ്ടിരിക്കുമ്ബോൾ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
അമിത വേഗത്തിൽ ഓടിച്ച ന്യൂജെൻ ബൈക്കിലിരുന്ന് സെൽഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എം ബി എ വിദ്യാർത്ഥിയായ അശ്വന്ത് കൃഷ്‌ണനാണ് ഗുരുതരമായി പരിക്കേറ്റത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ ആയൂരിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശികളാണ് ബൈക്ക് അഭ്യാസത്തിനെത്തിയതെന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ഒരാൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് മറ്റുള്ളവർ രക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇവർ ബൈക്ക് ഒളിപ്പിക്കാനും ശ്രമം നടത്തി. ഒരാളുടെ ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അശ്വന്ത് എന്ന വിദ്യാർഥിയും മത്സരയോട്ടം നടത്തി അപകടത്തിലായ ആളും തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.