ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട ഗാസയിൽ മുറിവേറ്റും മരുന്നും ഭക്ഷണവും ഇല്ലാതെയും വലയുന്ന കുഞ്ഞുങ്ങളുടെ കാഴ്ചകളാണ് അധികവും കാണാൻ സാധിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായവരും ഏറെയാണ്.
യുദ്ധവും ഉപരോധവും മൂലം പട്ടിണിയിലായ പലസ്തീൻ കുഞ്ഞുങ്ങൾ മാതാപിതാക്കളോടൊപ്പം ഭക്ഷണത്തിനായി പാത്രം നീട്ടുന്ന കാഴ്ചയാണ് ഗാസയിലെ വീഥികളിൽ. ഗാസ നഗരം പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ഇസ്രായേൽ സൈന്യം വളഞ്ഞു. ആശുപത്രിയുടെ പ്രധാന ഗേറ്റ് ഇപ്പോൾ ഇസ്രയേൽ ടാങ്കുകളുടെ നിയന്ത്രണത്തിലാണ്.
ആശുപത്രിയിലെ നിലവറയിലാണ് ഹമാസിന്റെ ഒരു മുഖ്യ നിയന്ത്രണ കേന്ദ്രം പ്രവർത്തിക്കുന്നത് എന്നും രോഗികളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇക്കാര്യം നിഷേധിച്ചു. രോഗികളെ മുഴുവൻ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. ഇവിടെ കനത്ത ഏറ്റുമുട്ടൽ തുടങ്ങിയതോടെ രോഗികളുടെ ഒഴിപ്പിക്കൽ അസാധ്യമായി.
ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി .ഇതിൽ മൂന്ന് ശിശുക്കളും ഉണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രിയും വ്യക്തമാക്കി .ഇന്ധന ക്ഷാമം തുടർന്നാൽ 36 കുട്ടികളുടെ ജീവൻ അപകടത്തിലാവും എന്നാണ് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത്. രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖദ്സും ഇസ്രയേൽ സേന നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ട്.
ആശുപത്രിയിലെ നവജാത ശിശുക്കൾ അടക്കമുള്ളവരെ സുരക്ഷിതമായി മാറ്റണമെന്ന് ലോക ആരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട് .കുട്ടികൾ അടക്കമുള്ളവർ ഇന്ധനക്ഷാമം മൂലം മരണത്തോട് അടുക്കുകയാണ്. അതേസമയം ആശുപത്രിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായതായും സംഘടന അറിയിച്ചിട്ടുണ്ട്.