Breaking News

ശാസ്താംകോട്ട തടാകത്തിലെ വെള്ളം ധൈര്യമായി കുടിക്കാം; മാലിന്യമില്ലെന്ന് പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിലെ വെള്ളത്തില്‍ കാര്യമായ മാലിന്യമൊന്നുമില്ലെന്ന് പഠന റിപ്പോര്‍ട്ട്. തടാക ജലത്തിലെ സൂക്ഷ്മജീവി നിലവാരം സുരക്ഷിതവും കുടിവെള്ള മാനദണ്ഡങ്ങളുടെ പരിധിക്കുള്ളിലുമാണ്. ഈ തടാകത്തില്‍ മനുഷ്യ വിസര്‍ജ്യങ്ങളില്‍നിന്നുള്ള ബാക്ടീരിയകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ കേന്ദ്രം (സിഫ്റ്റ്) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

സിഫ്റ്റിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. ടോംസ് സി. ജോസഫിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച്‌ പഠനം നടന്നത്. ശാസ്ത്രജ്ഞരായ ഡോ. എസ്. മുരുകദാസ്, ഡോ. വി. വിഷ്ണു വിനായകം, വി. രാധാകൃഷ്ണന്‍ നായര്‍ എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ ശാസ്താംകോട്ട തടാകത്തില്‍ 16 കേന്ദ്രങ്ങളില്‍നിന്നാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. ഒരിടത്തും കാര്യമായ പ്രശ്‌നമില്ല. കോളിഫോം, ഇ-കോളി എന്നിവയുടെ സാന്നിധ്യം തീരെ കുറവാണ്.

കോളിഫോമിന്റെ സാന്നിധ്യം നിയന്ത്രിത അളവിലായതിനാല്‍ ഈ തടാകത്തിലെ വെള്ളം ‘എ’ ക്ലാസിലാണ് വരുന്നത്. അതുകൊണ്ട് പ്രത്യേക സംസ്‌കരണമില്ലാതെ, സാധാരണ അണുനാശിനി പ്രയോഗിച്ച്‌ ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡമനുസരിച്ച്‌ വിലയിരുത്തുമ്ബോഴും, ഈ തടാകത്തിലെ ജലത്തിന്റെ നിലവാരം ഏറെ മികച്ചതാണെന്ന് പഠനം പറയുന്നു. പഠന റിപ്പോര്‍ട്ട് പ്രകാരം ജലത്തിന് നിലവാരമുണ്ടെങ്കിലും, തടാകത്തില്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. ലീല എഡ്വിന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …