കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ”രണ്ടു ഭാഗത്തും തെറ്റുണ്ട്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല… പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും”-മന്ത്രി പറഞ്ഞു.
ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് അക്രമത്തിനിരയായ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഭാഗത്ത് പ്രശനങ്ങളുണ്ടാക്കുന്നവരുണ്ട്, എന്നാല്‍ മറുഭാഗത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനവും നടത്തുണ്ട്-മന്ത്രി പറഞ്ഞു. നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസുമില്ലെന്നും ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.